എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാൻ പറയുന്നു. എന്റെ നാവ് സമർഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
വീരനായുള്ളോവേ, നിന്റെ വാൾ അരയ്ക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയുംതന്നെ.
സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നള്ളുക; നിന്റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.
നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു.
ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.
നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർതങ്കം അണിഞ്ഞു നില്ക്കുന്നു.
അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും.
അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.