ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർഥമായി വിധിക്കുന്നുവോ?
നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു.
അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
എത്ര സാമർഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്ക് അതു കേൾക്കയില്ല.
ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.
ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ. അവൻ തന്റെ അമ്പുകളെ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
അലിഞ്ഞു പൊയ്പോകുന്ന അച്ചുപോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടും മുമ്പേ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും; അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യർ പറയും.