യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ.
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ.
യഹോവയ്ക്ക് അവന്റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിൻ; തിരുമുൽക്കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ.
വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.