യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമികൾ എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.
ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ.
അനർഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയർത്തും.
ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെമേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവയ്ക്കു പാടി കീർത്തനം ചെയ്യും.
യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.
“എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.
എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ; കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട് എതിർത്തു നില്ക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.