സങ്കീർത്തനങ്ങൾ - 56 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

സങ്കീർത്തനങ്ങൾ 56:1

ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.

സങ്കീർത്തനങ്ങൾ 56:2

എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.

സങ്കീർത്തനങ്ങൾ 56:3

ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

സങ്കീർത്തനങ്ങൾ 56:4

ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്‍വാൻ കഴിയും?

സങ്കീർത്തനങ്ങൾ 56:5

ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരേ തിന്മയ്ക്കായിട്ടാകുന്നു.

സങ്കീർത്തനങ്ങൾ 56:6

അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 56:7

നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.

സങ്കീർത്തനങ്ങൾ 56:8

നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?

സങ്കീർത്തനങ്ങൾ 56:9

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.

സങ്കീർത്തനങ്ങൾ 56:10

ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

സങ്കീർത്തനങ്ങൾ 56:11

ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്‍വാൻ കഴിയും?

സങ്കീർത്തനങ്ങൾ 56:12

ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടപ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.

സങ്കീർത്തനങ്ങൾ 56:13

ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിനു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.