സങ്കീർത്തനങ്ങൾ - 138 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 138:1

ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 138:2

ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും. നിന്റെ നാമത്തിനു മീതെയൊക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 138:3

ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 138:4

യഹോവേ, ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ വായിൻവചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 138:5

അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 138:6

യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവിയെയോ അവൻ ദൂരത്തുനിന്ന് അറിയുന്നു.

സങ്കീർത്തനങ്ങൾ 138:7

ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്റെ വലംകൈ എന്നെ രക്ഷിക്കും.

സങ്കീർത്തനങ്ങൾ 138:8

യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.