സങ്കീർത്തനങ്ങൾ - 92 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

സങ്കീർത്തനങ്ങൾ 92:1

യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും

സങ്കീർത്തനങ്ങൾ 92:2

പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

സങ്കീർത്തനങ്ങൾ 92:3

രാവിലെ നിന്റെ ദയയെയും രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്.

സങ്കീർത്തനങ്ങൾ 92:4

യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.

സങ്കീർത്തനങ്ങൾ 92:5

യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.

സങ്കീർത്തനങ്ങൾ 92:6

മൃഗപ്രായനായ മനുഷ്യൻ അത് അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 92:7

ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.

സങ്കീർത്തനങ്ങൾ 92:8

നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

സങ്കീർത്തനങ്ങൾ 92:9

യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.

സങ്കീർത്തനങ്ങൾ 92:10

എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 92:11

എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമികളെക്കുറിച്ചു കേട്ടും രസിക്കും.

സങ്കീർത്തനങ്ങൾ 92:12

നീതിമാൻ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.

സങ്കീർത്തനങ്ങൾ 92:13

യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും.

സങ്കീർത്തനങ്ങൾ 92:14

വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും.

സങ്കീർത്തനങ്ങൾ 92:15

യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.