സങ്കീർത്തനങ്ങൾ - 51 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

സങ്കീർത്തനങ്ങൾ 51:1

ദൈവമേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

സങ്കീർത്തനങ്ങൾ 51:2

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

സങ്കീർത്തനങ്ങൾ 51:3

എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 51:4

നിന്നോടുതന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിനു തന്നെ.

സങ്കീർത്തനങ്ങൾ 51:5

ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

സങ്കീർത്തനങ്ങൾ 51:6

അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 51:7

ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ.

സങ്കീർത്തനങ്ങൾ 51:8

സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

സങ്കീർത്തനങ്ങൾ 51:9

എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറയ്ക്കേണമേ. എന്റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ.

സങ്കീർത്തനങ്ങൾ 51:10

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

സങ്കീർത്തനങ്ങൾ 51:11

നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.

സങ്കീർത്തനങ്ങൾ 51:12

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

സങ്കീർത്തനങ്ങൾ 51:13

അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനം തിരിയും.

സങ്കീർത്തനങ്ങൾ 51:14

എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും.

സങ്കീർത്തനങ്ങൾ 51:15

കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും.

സങ്കീർത്തനങ്ങൾ 51:16

ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.

സങ്കീർത്തനങ്ങൾ 51:17

ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

സങ്കീർത്തനങ്ങൾ 51:18

നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ.

സങ്കീർത്തനങ്ങൾ 51:19

അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.