യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വയ്ക്കുന്നു.
അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെതന്നെ.
നിന്റെ രക്ഷയാൽ അവന്റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതിരിക്കും.
നിന്റെ കൈ നിന്റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും.
നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിനുനേരേ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.