യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
അവന്റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ.
അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
അവന്റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തർ പറയട്ടെ.
ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തു ചെയ്യും?
എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും.
മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾത്തീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു.
ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.
യഹോവയുടെ വലംകൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.
ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണിക്കും.
യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും.
യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാർ അതിൽക്കൂടി കടക്കും.
നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.
യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
യഹോവ തന്നെ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ
നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.