സങ്കീർത്തനങ്ങൾ - 59 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

സങ്കീർത്തനങ്ങൾ 59:1

എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിർക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ.

സങ്കീർത്തനങ്ങൾ 59:2

നീതികേടു പ്രവർത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 59:3

ഇതാ, അവർ എന്റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരേ കൂട്ടം കൂടുന്നത് എന്റെ അതിക്രമം ഹേതുവായിട്ടല്ല; എന്റെ പാപം ഹേതുവായിട്ടുമല്ല.

സങ്കീർത്തനങ്ങൾ 59:4

എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 59:5

സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജാതികളെയും സന്ദർശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.

സങ്കീർത്തനങ്ങൾ 59:6

സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ പട്ടണത്തിനു ചുറ്റും നടക്കുന്നു.

സങ്കീർത്തനങ്ങൾ 59:7

അവർ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; ആർ കേൾക്കും എന്ന് അവർ പറയുന്നു.

സങ്കീർത്തനങ്ങൾ 59:8

എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും.

സങ്കീർത്തനങ്ങൾ 59:9

എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.

സങ്കീർത്തനങ്ങൾ 59:10

എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.

സങ്കീർത്തനങ്ങൾ 59:11

അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.

സങ്കീർത്തനങ്ങൾ 59:12

അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ.

സങ്കീർത്തനങ്ങൾ 59:13

കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.

സങ്കീർത്തനങ്ങൾ 59:14

സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ നഗരത്തിനു ചുറ്റും നടക്കുന്നു.

സങ്കീർത്തനങ്ങൾ 59:15

അവർ ആഹാരത്തിനായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രി മുഴുവനും താമസിക്കുന്നു.

സങ്കീർത്തനങ്ങൾ 59:16

ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

സങ്കീർത്തനങ്ങൾ 59:17

എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.