സങ്കീർത്തനങ്ങൾ - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 6:1

യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.

സങ്കീർത്തനങ്ങൾ 6:2

യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ.

സങ്കീർത്തനങ്ങൾ 6:3

എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?

സങ്കീർത്തനങ്ങൾ 6:4

യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കേണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 6:5

മരണത്തിൽ നിന്നെക്കുറിച്ച് ഓർമയില്ലല്ലോ; പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും?

സങ്കീർത്തനങ്ങൾ 6:6

എന്റെ ഞരക്കംകൊണ്ട് ഞാൻ തകർന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിലിനെ നനയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 6:7

ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 6:8

നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 6:9

യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.

സങ്കീർത്തനങ്ങൾ 6:10

എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.