സങ്കീർത്തനങ്ങൾ - 89 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 52 വരെ

സങ്കീർത്തനങ്ങൾ 89:1

യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് നിന്റെ വിശ്വസ്തതയെ അറിയിക്കും.

സങ്കീർത്തനങ്ങൾ 89:2

ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:3

എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:4

നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.

സങ്കീർത്തനങ്ങൾ 89:5

യഹോവേ, സ്വർഗം നിന്റെ അദ്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.

സങ്കീർത്തനങ്ങൾ 89:6

സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ?

സങ്കീർത്തനങ്ങൾ 89:7

ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.

സങ്കീർത്തനങ്ങൾ 89:8

സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളൂ? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:9

നീ സമുദ്രത്തിന്റെ ഗർവത്തെ അടക്കി വാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.

സങ്കീർത്തനങ്ങൾ 89:10

നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 89:11

ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണതയും നീ സ്ഥാപിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:12

ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്‍ടിച്ചിരിക്കുന്നു; താബോറും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;

സങ്കീർത്തനങ്ങൾ 89:13

നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്റെ കൈ ബലമുള്ളതും നിന്റെ വലംകൈ ഉന്നതവും ആകുന്നു.

സങ്കീർത്തനങ്ങൾ 89:14

നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.

സങ്കീർത്തനങ്ങൾ 89:15

ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.

സങ്കീർത്തനങ്ങൾ 89:16

അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:17

നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:18

നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.

സങ്കീർത്തനങ്ങൾ 89:19

അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്: ഞാൻ വീരനായ ഒരുത്തനു സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 89:20

ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.

സങ്കീർത്തനങ്ങൾ 89:21

എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.

സങ്കീർത്തനങ്ങൾ 89:22

ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.

സങ്കീർത്തനങ്ങൾ 89:23

ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകയ്ക്കുന്നവരെ സംഹരിക്കും,

സങ്കീർത്തനങ്ങൾ 89:24

എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 89:25

അവന്റെ കൈയെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലംകൈയെ നദികളുടെമേലും നീട്ടുമാറാക്കും.

സങ്കീർത്തനങ്ങൾ 89:26

അവൻ എന്നോട്: നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.

സങ്കീർത്തനങ്ങൾ 89:27

ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.

സങ്കീർത്തനങ്ങൾ 89:28

ഞാൻ അവന് എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന് സ്ഥിരമായി നില്ക്കും.

സങ്കീർത്തനങ്ങൾ 89:29

ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.

സങ്കീർത്തനങ്ങൾ 89:30

അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും

സങ്കീർത്തനങ്ങൾ 89:31

എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ

സങ്കീർത്തനങ്ങൾ 89:32

ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.

സങ്കീർത്തനങ്ങൾ 89:33

എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽനിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.

സങ്കീർത്തനങ്ങൾ 89:34

ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനു ഭേദം വരുത്തുകയോ ചെയ്കയില്ല.

സങ്കീർത്തനങ്ങൾ 89:35

ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കു പറകയില്ല.

സങ്കീർത്തനങ്ങൾ 89:36

അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.

സങ്കീർത്തനങ്ങൾ 89:37

അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.

സങ്കീർത്തനങ്ങൾ 89:38

എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.

സങ്കീർത്തനങ്ങൾ 89:39

നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:40

നീ അവന്റെ വേലിയൊക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 89:41

വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 89:42

നീ അവന്റെ വൈരികളുടെ വലംകൈയെ ഉയർത്തി; അവന്റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു.

സങ്കീർത്തനങ്ങൾ 89:43

അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.

സങ്കീർത്തനങ്ങൾ 89:44

അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.

സങ്കീർത്തനങ്ങൾ 89:45

അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 89:46

യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

സങ്കീർത്തനങ്ങൾ 89:47

എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ; എന്തു മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെയൊക്കെയും സൃഷ്‍ടിച്ചു?

സങ്കീർത്തനങ്ങൾ 89:48

ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കൈയിൽനിന്നു വിടുവിക്കുന്നവനും ആരുള്ളൂ? സേലാ.

സങ്കീർത്തനങ്ങൾ 89:49

കർത്താവേ, നിന്റെ വിശ്വസ്തതയിൽ നീ ദാവീദിനോട് സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?

സങ്കീർത്തനങ്ങൾ 89:50

കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവിടത്തിൽ ഞാൻ സകല മഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നെ.

സങ്കീർത്തനങ്ങൾ 89:51

യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 89:52

യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.