ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
സത്യംനിമിത്തം ഉയർത്തേണ്ടതിനു നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെ നിമിത്തം ജയഘോഷം കൊള്ളുക!
ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആർ വഴിനടത്തും?
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർഥമല്ലോ.
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.