വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക.
യഹോവ മഹാദൈവമല്ലോ; അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു; പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളുംതന്നെ.
ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.
അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
നാല്പത് ആണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളൊരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.