സർവഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിൻ;
അവന്റെ നാമത്തിന്റെ മഹത്ത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്ത്വീകരിപ്പിൻ.
നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
സർവഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിനു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.
വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്റെ കണ്ണ് ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെത്തന്നെ ഉയർത്തരുതേ. സേലാ.
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടുകൂടെ തടിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
ഞാൻ എന്റെ വായ്കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു.
എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
എന്റെ പ്രാർഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.