സങ്കീർത്തനങ്ങൾ - 77 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

സങ്കീർത്തനങ്ങൾ 77:1

ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.

സങ്കീർത്തനങ്ങൾ 77:2

കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

സങ്കീർത്തനങ്ങൾ 77:3

ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 77:4

നീ എന്റെ കണ്ണിന് ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 77:5

ഞാൻ പൂർവദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.

സങ്കീർത്തനങ്ങൾ 77:6

രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.

സങ്കീർത്തനങ്ങൾ 77:7

കർത്താവ് എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?

സങ്കീർത്തനങ്ങൾ 77:8

അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?

സങ്കീർത്തനങ്ങൾ 77:9

ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.

സങ്കീർത്തനങ്ങൾ 77:10

എന്നാൽ അത് എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലംകൈ വരുത്തിയ സംവത്സരങ്ങൾ തന്നെ എന്നു ഞാൻ പറഞ്ഞു.

സങ്കീർത്തനങ്ങൾ 77:11

ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണിക്കും; നിന്റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാൻ ഓർക്കും.

സങ്കീർത്തനങ്ങൾ 77:12

ഞാൻ നിന്റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.

സങ്കീർത്തനങ്ങൾ 77:13

ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ!

സങ്കീർത്തനങ്ങൾ 77:14

നീ അദ്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 77:15

തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെത്തന്നെ. സേലാ.

സങ്കീർത്തനങ്ങൾ 77:16

ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.

സങ്കീർത്തനങ്ങൾ 77:17

മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.

സങ്കീർത്തനങ്ങൾ 77:18

നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 77:19

നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽച്ചുവടുകളെ അറിയാതെയുമിരുന്നു.

സങ്കീർത്തനങ്ങൾ 77:20

മോശെയുടെയും അഹരോന്റെയും കൈയാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ നടത്തി.