സങ്കീർത്തനങ്ങൾ - 146 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 146:1

യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.

സങ്കീർത്തനങ്ങൾ 146:2

ജീവനുള്ളെന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 146:3

നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.

സങ്കീർത്തനങ്ങൾ 146:4

അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

സങ്കീർത്തനങ്ങൾ 146:5

യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 146:6

അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.

സങ്കീർത്തനങ്ങൾ 146:7

പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു.

സങ്കീർത്തനങ്ങൾ 146:8

യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

സങ്കീർത്തനങ്ങൾ 146:9

യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു.

സങ്കീർത്തനങ്ങൾ 146:10

യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിപ്പിൻ.