സങ്കീർത്തനങ്ങൾ - 64 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 64:1

ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കേണമേ.

സങ്കീർത്തനങ്ങൾ 64:2

ദുഷ്കർമികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറച്ചുകൊള്ളേണമേ.

സങ്കീർത്തനങ്ങൾ 64:3

അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്

സങ്കീർത്തനങ്ങൾ 64:4

അവർ കയ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 64:5

ദുഷ്കാര്യത്തിൽ അവർ തങ്ങളെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ചു കെണിവയ്ക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആർ കാണും എന്ന് അവർ പറയുന്നു.

സങ്കീർത്തനങ്ങൾ 64:6

അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്ക് ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.

സങ്കീർത്തനങ്ങൾ 64:7

എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവർ പെട്ടെന്നു മുറിവേല്ക്കും.

സങ്കീർത്തനങ്ങൾ 64:8

അങ്ങനെ സ്വന്തനാവ് അവർക്കു വിരോധമായിരിക്കയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.

സങ്കീർത്തനങ്ങൾ 64:9

അങ്ങനെ സകല മനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.

സങ്കീർത്തനങ്ങൾ 64:10

നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; ഹൃദയപരമാർഥികൾ എല്ലാവരും പുകഴും.