സങ്കീർത്തനങ്ങൾ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

സങ്കീർത്തനങ്ങൾ 17:1

യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ.

സങ്കീർത്തനങ്ങൾ 17:2

എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണ് നേർ കാണുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 17:3

നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 17:4

മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 17:5

എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.

സങ്കീർത്തനങ്ങൾ 17:6

ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്റെ അപേക്ഷ കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 17:7

നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.

സങ്കീർത്തനങ്ങൾ 17:8

കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

സങ്കീർത്തനങ്ങൾ 17:9

എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.

സങ്കീർത്തനങ്ങൾ 17:10

അവർ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു; വായ്കൊണ്ട് വമ്പു പറയുന്നു.

സങ്കീർത്തനങ്ങൾ 17:11

അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്‍ടിവയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 17:12

കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.

സങ്കീർത്തനങ്ങൾ 17:13

യഹോവേ, എഴുന്നേറ്റ് അവനോടെതിർത്ത് അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കൈയിൽനിന്നും

സങ്കീർത്തനങ്ങൾ 17:14

തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറയ്ക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ട്; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വച്ചേക്കുന്നു.

സങ്കീർത്തനങ്ങൾ 17:15

ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.