യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
യഹോവ സകല ജാതികൾക്കും മീതെയും അവന്റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു.
ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശൻ ആരുള്ളൂ?
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു.
അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിൻ.