സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു.
അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു.
അവൻ നമുക്ക് നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നെ.
ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടുംകൂടെ ആരോഹണം ചെയ്യുന്നു.
ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
ദൈവം സർവഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.