സങ്കീർത്തനങ്ങൾ - 35 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സങ്കീർത്തനങ്ങൾ 35:1

യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ.

സങ്കീർത്തനങ്ങൾ 35:2

നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ.

സങ്കീർത്തനങ്ങൾ 35:3

നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്ന് എന്റെ പ്രാണനോടു പറയേണമേ.

സങ്കീർത്തനങ്ങൾ 35:4

എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചുപോകട്ടെ.

സങ്കീർത്തനങ്ങൾ 35:5

അവർ കാറ്റിനു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.

സങ്കീർത്തനങ്ങൾ 35:6

അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.

സങ്കീർത്തനങ്ങൾ 35:7

കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 35:8

അവൻ വിചാരിയാതെ അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടു പോകട്ടെ.

സങ്കീർത്തനങ്ങൾ 35:9

എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും.

സങ്കീർത്തനങ്ങൾ 35:10

യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്റെ അസ്ഥികളൊക്കെയും പറയും.

സങ്കീർത്തനങ്ങൾ 35:11

കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.

സങ്കീർത്തനങ്ങൾ 35:12

അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത് എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.

സങ്കീർത്തനങ്ങൾ 35:13

ഞാനോ, അവർ ദീനമായിക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർഥന എന്റെ മാർവിടത്തിലേക്കു മടങ്ങിവന്നു.

സങ്കീർത്തനങ്ങൾ 35:14

അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.

സങ്കീർത്തനങ്ങൾ 35:15

അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചു പറഞ്ഞു.

സങ്കീർത്തനങ്ങൾ 35:16

അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരേ പല്ലു കടിക്കുന്നു.

സങ്കീർത്തനങ്ങൾ 35:17

കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 35:18

ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മധ്യേ നിന്നെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 35:19

വെറുതേ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ കണ്ണിമയ്ക്കയുമരുതേ.

സങ്കീർത്തനങ്ങൾ 35:20

അവർ സമാധാനവാക്ക് സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരേ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.

സങ്കീർത്തനങ്ങൾ 35:21

അവർ എന്റെ നേരേ വായ് പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 35:22

യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ.

സങ്കീർത്തനങ്ങൾ 35:23

എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും ജാഗരിക്കേണമേ.

സങ്കീർത്തനങ്ങൾ 35:24

എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.

സങ്കീർത്തനങ്ങൾ 35:25

അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

സങ്കീർത്തനങ്ങൾ 35:26

എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരേ വമ്പു പറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.

സങ്കീർത്തനങ്ങൾ 35:27

എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.

സങ്കീർത്തനങ്ങൾ 35:28

എന്റെ നാവ് നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണിക്കും.