നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്ക് ഉചിതമല്ലോ.
കിന്നരംകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് അവനു സ്തുതി പാടുവിൻ.
അവനു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.
അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;
അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
യഹോവ ജാതികളുടെ ആലോചനയെ വ്യർഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്.
യഹോവ സ്വർഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു.
അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവഭൂവാസികളെയും നോക്കുന്നു.
അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെയൊക്കെയും അവൻ ഗ്രഹിക്കുന്നു.
സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
ജയത്തിനു കുതിര വ്യർഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല.
യഹോവയുടെ ദൃഷ്‍ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.
നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.