ദൈവമേ, രാജാവിനു നിന്റെ ന്യായവും രാജകുമാരനു നിന്റെ നീതിയും നല്കേണമേ.
അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ.
നീതിയാൽ പർവതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയട്ടെ.
ജനത്തിൽ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;
സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങി വരട്ടെ.
അവന്റെ കാലത്തു നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.
തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ.
അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
അവൻ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാർഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
അവന്റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർഥനകൾ, അവസാനിച്ചിരിക്കുന്നു.