ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരേണമേ.
ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർഥനയ്ക്കുനേരേ എത്രത്തോളം കോപിക്കും?
നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കി തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
നീ മിസ്രയീമിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
നീ അതിന് തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു.
അതിന്റെ നിഴൽകൊണ്ട് പർവതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞത് എന്ത്?
കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
നിന്റെ വലംകൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തൈയെയും പാലിക്കേണമേ.
അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചുപോകുന്നു.
നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരു മുഖം പ്രകാശിപ്പിക്കേണമേ.