സങ്കീർത്തനങ്ങൾ - 84 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 84:1

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!

സങ്കീർത്തനങ്ങൾ 84:2

എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.

സങ്കീർത്തനങ്ങൾ 84:3

കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെത്തന്നെ.

സങ്കീർത്തനങ്ങൾ 84:4

നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

സങ്കീർത്തനങ്ങൾ 84:5

ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.

സങ്കീർത്തനങ്ങൾ 84:6

കണ്ണുനീർ താഴ്വരയിൽക്കൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണമായിത്തീരുന്നു.

സങ്കീർത്തനങ്ങൾ 84:7

അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.

സങ്കീർത്തനങ്ങൾ 84:8

സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.

സങ്കീർത്തനങ്ങൾ 84:9

ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 84:10

നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം.

സങ്കീർത്തനങ്ങൾ 84:11

യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.

സങ്കീർത്തനങ്ങൾ 84:12

സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.