സങ്കീർത്തനങ്ങൾ - 107 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 43 വരെ

സങ്കീർത്തനങ്ങൾ 107:1

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്!

സങ്കീർത്തനങ്ങൾ 107:2

യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

സങ്കീർത്തനങ്ങൾ 107:3

ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

സങ്കീർത്തനങ്ങൾ 107:4

അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.

സങ്കീർത്തനങ്ങൾ 107:5

അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.

സങ്കീർത്തനങ്ങൾ 107:6

അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.

സങ്കീർത്തനങ്ങൾ 107:7

അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.

സങ്കീർത്തനങ്ങൾ 107:8

അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 107:9

അവൻ ആർത്തിയുള്ളവനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 107:10

ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ട് ഇരുളിലും അന്ധതമസ്സിലും ഇരുന്നു

സങ്കീർത്തനങ്ങൾ 107:11

അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ-

സങ്കീർത്തനങ്ങൾ 107:12

അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.

സങ്കീർത്തനങ്ങൾ 107:13

അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 107:14

അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

സങ്കീർത്തനങ്ങൾ 107:15

അവർ യഹോവയെ, അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 107:16

അവൻ താമ്രകതകുകളെ തകർത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 107:17

ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും കഷ്ടപ്പെട്ടു.

സങ്കീർത്തനങ്ങൾ 107:18

അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.

സങ്കീർത്തനങ്ങൾ 107:19

അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 107:20

അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.

സങ്കീർത്തനങ്ങൾ 107:21

അവർ യഹോവയെ അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 107:22

അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണിക്കയും ചെയ്യട്ടെ.

സങ്കീർത്തനങ്ങൾ 107:23

കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,

സങ്കീർത്തനങ്ങൾ 107:24

അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അദ്ഭുതങ്ങളെയും കണ്ടു.

സങ്കീർത്തനങ്ങൾ 107:25

അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി.

സങ്കീർത്തനങ്ങൾ 107:26

അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.

സങ്കീർത്തനങ്ങൾ 107:27

അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

സങ്കീർത്തനങ്ങൾ 107:28

അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.

സങ്കീർത്തനങ്ങൾ 107:29

അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.

സങ്കീർത്തനങ്ങൾ 107:30

ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.

സങ്കീർത്തനങ്ങൾ 107:31

അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 107:32

അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.

സങ്കീർത്തനങ്ങൾ 107:33

നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും

സങ്കീർത്തനങ്ങൾ 107:34

നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.

സങ്കീർത്തനങ്ങൾ 107:35

അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

സങ്കീർത്തനങ്ങൾ 107:36

വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും

സങ്കീർത്തനങ്ങൾ 107:37

നിലം വിതയ്ക്കയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.

സങ്കീർത്തനങ്ങൾ 107:38

അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.

സങ്കീർത്തനങ്ങൾ 107:39

പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

സങ്കീർത്തനങ്ങൾ 107:40

അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 107:41

അവൻ ദരിദ്രനെ പീഡയിൽനിന്ന് ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടം പോലെ ആക്കി.

സങ്കീർത്തനങ്ങൾ 107:42

നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും.

സങ്കീർത്തനങ്ങൾ 107:43

ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.