നീയോ, മനുഷ്യപുത്രാ, യിസ്രായേൽ പർവതങ്ങളോടു പ്രവചിച്ചുപറയേണ്ടത്: യിസ്രായേൽപർവതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച്: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
അതുകൊണ്ടു നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും, നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും,
യിസ്രായേൽപർവതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ എദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂർണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടുംകൂടെ തങ്ങൾക്ക് അവകാശമായി നിയമിച്ചുവല്ലോ.
അതുകൊണ്ടു നീ യിസ്രായേൽദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടുംകൂടെ സംസാരിക്കുന്നു.
അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
നിങ്ങളോ, യിസ്രായേൽപർവതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിപ്പിൻ.
ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർധിപ്പിക്കും; അവർ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോട്: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ട്,
നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ ദേശത്തു പാർത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
അവർ ദേശത്തു ചൊരിഞ്ഞ രക്തം നിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതു നിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
അവർ ജാതികളുടെ ഇടയിൽ ചെന്നുചേർന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടി വന്നവർ എന്ന് അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
എങ്കിലും യിസ്രായേൽഗൃഹം ചെന്നു ചേർന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് അയ്യോഭാവം തോന്നി.
അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല; നിങ്ങൾ ചെന്നു ചേർന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്.
ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിപ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകല ദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായിത്തീരും, ഞാൻ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർധിപ്പിക്കും.
നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിനു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർധിപ്പിക്കും.
അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.
നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത് എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടംപോലെ ആയിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്ന് അവർ പറയും.
ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതലവച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർധിപ്പിച്ചുകൊടുക്കും.
ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടംകൊണ്ടു നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും.