യെഹെസ്കേൽ - 30 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

യെഹെസ്കേൽ 30:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 30:2

മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ടദിവസം! എന്നു മുറയിടുവിൻ.

യെഹെസ്കേൽ 30:3

നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നെ ആയിരിക്കും.

യെഹെസ്കേൽ 30:4

മിസ്രയീമിന്റെ നേരേ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.

യെഹെസ്കേൽ 30:5

കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപ്പെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.

യെഹെസ്കേൽ 30:6

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനെഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 30:7

അവർ ശൂന്യദേശങ്ങളുടെ മധ്യേ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.

യെഹെസ്കേൽ 30:8

ഞാൻ മിസ്രയീമിനു തീ വച്ചിട്ട് അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.

യെഹെസ്കേൽ 30:9

ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിനു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.

യെഹെസ്കേൽ 30:10

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.

യെഹെസ്കേൽ 30:11

ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരേ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.

യെഹെസ്കേൽ 30:12

ഞാൻ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.

യെഹെസ്കേൽ 30:13

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്ന് ഒരു പ്രഭു ഉദ്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.

യെഹെസ്കേൽ 30:14

ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും; നോവിൽ ന്യായവിധി നടത്തും,

യെഹെസ്കേൽ 30:15

മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

യെഹെസ്കേൽ 30:16

ഞാൻ മിസ്രയീമിനു തീ വയ്ക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിനു പകൽസമയത്തു വൈരികൾ ഉണ്ടാകും.

യെഹെസ്കേൽ 30:17

ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.

യെഹെസ്കേൽ 30:18

ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ച് അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.

യെഹെസ്കേൽ 30:19

ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 30:20

പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 30:21

മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്നുവച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

യെഹെസ്കേൽ 30:22

അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കൈയിൽനിന്നു വീഴിച്ചുകളകയും ചെയ്യും.

യെഹെസ്കേൽ 30:23

ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.

യെഹെസ്കേൽ 30:24

ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും.

യെഹെസ്കേൽ 30:25

ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കൈയിൽ കൊടുത്തിട്ട് അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരേ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 30:26

ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും.