യെഹെസ്കേൽ - 40 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 49 വരെ

യെഹെസ്കേൽ 40:1

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.

യെഹെസ്കേൽ 40:2

ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാൺമാനുണ്ടായിരുന്നു.

യെഹെസ്കേൽ 40:3

അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽ നിന്നു.

യെഹെസ്കേൽ 40:4

ആ പുരുഷൻ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു.

യെഹെസ്കേൽ 40:5

എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;

യെഹെസ്കേൽ 40:6

പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്,

യെഹെസ്കേൽ 40:7

ഓരോ മാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിനരികെ ഒരു ദണ്ഡായിരുന്നു.

യെഹെസ്കേൽ 40:8

അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡ്.

യെഹെസ്കേൽ 40:9

അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അത് എട്ടു മുഴവും അതിന്റെ കട്ടിളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.

യെഹെസ്കേൽ 40:10

കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടിളക്കാലുകൾക്ക് ഒരേ അളവും ആയിരുന്നു.

യെഹെസ്കേൽ 40:11

അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു: പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമ്മൂന്നു മുഴം.

യെഹെസ്കേൽ 40:12

മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും അപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.

യെഹെസ്കേൽ 40:13

അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.

യെഹെസ്കേൽ 40:14

അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.

യെഹെസ്കേൽ 40:15

പ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പതു മുഴമായിരുന്നു.

യെഹെസ്കേൽ 40:16

ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:17

പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:18

കല്ത്തളം ഗോപുരങ്ങളുടെ നീളത്തിന് ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്ത്തളം.

യെഹെസ്കേൽ 40:19

പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗംമുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.

യെഹെസ്കേൽ 40:20

വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.

യെഹെസ്കേൽ 40:21

അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.

യെഹെസ്കേൽ 40:22

അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.

യെഹെസ്കേൽ 40:23

അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരേ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റേ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.

യെഹെസ്കേൽ 40:24

പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു.

യെഹെസ്കേൽ 40:25

ആ ജാലകങ്ങൾപോലെ ഇതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു;

യെഹെസ്കേൽ 40:26

അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ, ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:27

അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ട് ഒരു ഗോപുരംമുതൽ മറ്റേ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.

യെഹെസ്കേൽ 40:28

പിന്നെ അവൻ തെക്കേ ഗോപുരത്തിൽക്കൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കേ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.

യെഹെസ്കേൽ 40:29

അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.

യെഹെസ്കേൽ 40:30

പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഉള്ളവയായിരുന്നു.

യെഹെസ്കേൽ 40:31

അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരേ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:32

പിന്നെ അവൻ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.

യെഹെസ്കേൽ 40:33

അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.

യെഹെസ്കേൽ 40:34

അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:35

പിന്നെ അവൻ എന്നെ വടക്കേ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.

യെഹെസ്കേൽ 40:36

അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിനു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

യെഹെസ്കേൽ 40:37

അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:38

അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽക്കൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.

യെഹെസ്കേൽ 40:39

ഗോപുരത്തിന്റെ പൂമുഖത്ത് ഇപ്പുറത്ത് രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.

യെഹെസ്കേൽ 40:40

ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമേ വടക്കുവശത്തു രണ്ടു മേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടു മേശയും ഉണ്ടായിരുന്നു.

യെഹെസ്കേൽ 40:41

ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇപ്പുറത്ത് നാലും അപ്പുറത്തു നാലും ഇങ്ങനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെമേൽ അവർ യാഗങ്ങളെ അറുക്കും.

യെഹെസ്കേൽ 40:42

ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെമേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വയ്ക്കും.

യെഹെസ്കേൽ 40:43

അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറച്ചിരുന്നു; എന്നാൽ മേശകളുടെമേൽ നിവേദിതമാംസം വയ്ക്കും.

യെഹെസ്കേൽ 40:44

അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കേ ഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കേ ഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.

യെഹെസ്കേൽ 40:45

അവൻ എന്നോടു കല്പിച്ചത്: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളത്.

യെഹെസ്കേൽ 40:46

വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.

യെഹെസ്കേൽ 40:47

അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.

യെഹെസ്കേൽ 40:48

പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളത് അഞ്ചു മുഴം; അപ്പുറത്തുള്ളത് അഞ്ച് മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.

യെഹെസ്കേൽ 40:49

പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്ത്, മുറിച്ചുവരുകൾക്കരികെ ഇപ്പുറത്ത് ഒന്നും അപ്പുറത്ത് ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.