യെഹെസ്കേൽ - 33 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

യെഹെസ്കേൽ 33:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 33:2

മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടത്: ഞാൻ ഒരു ദേശത്തിന്റെ നേരേ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്ക്കാരനാക്കി വച്ചാൽ,

യെഹെസ്കേൽ 33:3

ദേശത്തിന്റെ നേരേ വാൾ വരുന്നതു കണ്ടിട്ട് അവൻ കാഹളം ഊതി ജനത്തെ ഓർമപ്പെടുത്തുമ്പോൾ

യെഹെസ്കേൽ 33:4

ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നെ ഇരിക്കും.

യെഹെസ്കേൽ 33:5

അവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.

യെഹെസ്കേൽ 33:6

എന്നാൽ കാവല്ക്കാരൻ വാൾ വരുന്നതുകണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാൾ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും.

യെഹെസ്കേൽ 33:7

അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്റെ വായിൽനിന്ന് വചനം കേട്ട് എന്റെ നാമത്തിൽ അവരെ ഓർമപ്പെടുത്തേണം.

യെഹെസ്കേൽ 33:8

ഞാൻ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യം നിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.

യെഹെസ്കേൽ 33:9

എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിനു നീ അവനെ ഓർമപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടു തിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

യെഹെസ്കേൽ 33:10

അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങൾ പറയുന്നു.

യെഹെസ്കേൽ 33:11

എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്ക് ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു എന്ന് അവരോടു പറക.

യെഹെസ്കേൽ 33:12

മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടത്: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ, തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവനു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.

യെഹെസ്കേൽ 33:13

നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടു നിമിത്തം അവൻ മരിക്കും.

യെഹെസ്കേൽ 33:14

എന്നാൽ ഞാൻ ദുഷ്ടനോട്: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും

യെഹെസ്കേൽ 33:15

പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേട് ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.

യെഹെസ്കേൽ 33:16

അവൻ ചെയ്ത പാപം ഒന്നും അവനു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.

യെഹെസ്കേൽ 33:17

എന്നാൽ നിന്റെ സ്വജാതിക്കാർ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നത്.

യെഹെസ്കേൽ 33:18

നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽതന്നെ മരിക്കും.

യെഹെസ്കേൽ 33:19

എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.

യെഹെസ്കേൽ 33:20

എന്നിട്ടും കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും.

യെഹെസ്കേൽ 33:21

ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽനിന്ന് ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.

യെഹെസ്കേൽ 33:22

ചാടിപ്പോയവൻ വരുന്നതിന്റെ തലേന്നാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴത്തേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.

യെഹെസ്കേൽ 33:23

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 33:24

മനുഷ്യപുത്രാ, യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ: അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി ലഭിക്കും എന്നു പറയുന്നു.

യെഹെസ്കേൽ 33:25

അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;

യെഹെസ്കേൽ 33:26

നിങ്ങൾ ദേശത്തെ കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ലേച്ഛത പ്രവർത്തിക്കയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശത്തെ കൈവശമാക്കുമോ?

യെഹെസ്കേൽ 33:27

നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്ക് ഇരയായി കൊടുക്കും; ദുർഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.

യെഹെസ്കേൽ 33:28

ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; യിസ്രായേൽപർവതങ്ങൾ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.

യെഹെസ്കേൽ 33:29

അവർ ചെയ്ത സകല മ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 33:30

മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതിൽക്കലുംവച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.

യെഹെസ്കേൽ 33:31

സംഘം കൂടി വരുന്നതുപോലെ അവർ നിന്റെ അടുക്കൽ വന്ന് എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ് കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.

യെഹെസ്കേൽ 33:32

നീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും.

യെഹെസ്കേൽ 33:33

എന്നാൽ അതു സംഭവിക്കുമ്പോൾ- ഇതാ, അതു വരുന്നു- അവർ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അറിയും.