യെഹെസ്കേൽ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

യെഹെസ്കേൽ 14:1

യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്ന് എന്റെ മുമ്പിൽ ഇരുന്നു.

യെഹെസ്കേൽ 14:2

അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 14:3

മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?

യെഹെസ്കേൽ 14:4

അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാൻതന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന് അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനു തക്കവണ്ണം ഉത്തരമരുളും;

യെഹെസ്കേൽ 14:5

അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.

യെഹെസ്കേൽ 14:6

ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ.

യെഹെസ്കേൽ 14:7

യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വച്ചുകൊണ്ട് പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻതന്നെ ഉത്തരമരുളും.

യെഹെസ്കേൽ 14:8

ഞാൻ ആ മനുഷ്യന്റെ നേരേ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 14:9

എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരേ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.

യെഹെസ്കേൽ 14:10

യിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്

യെഹെസ്കേൽ 14:11

അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 14:12

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 14:13

മനുഷ്യപുത്രാ, ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരേ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും.

യെഹെസ്കേൽ 14:14

നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 14:15

ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിർജനമാക്കിയിട്ട് അത് ശൂന്യമാകയും ചെയ്താൽ,

യെഹെസ്കേൽ 14:16

ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപെടുകയുള്ളൂ; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 14:17

അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ

യെഹെസ്കേൽ 14:18

ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപെടുകയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 14:19

അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ച്, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ,

യെഹെസ്കേൽ 14:20

നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 14:21

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർഥകരമായ ന്യായവിധികൾ നാലുംകൂടെ അയച്ചാലോ?

യെഹെസ്കേൽ 14:22

എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാൻ യെരൂശലേമിനു വരുത്തിയ അനർഥവും അതിനു വരുത്തിയ സകലവുംചൊല്ലി ആശ്വാസം പ്രാപിക്കും.

യെഹെസ്കേൽ 14:23

നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തത് എന്നു നിങ്ങൾ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.