യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
മനുഷ്യപുത്രാ, നീ യെരൂശലേമിനോട് അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടത്;
യഹോവയായ കർത്താവ് യെരൂശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉൽപത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
നിന്റെ ജനനവസ്തുതയോ-ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല; തുണി ചുറ്റിയതുമില്ല.
നിന്നോടു മനസ്സലിവു തോന്നിയിട്ട് ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിനും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ച നാളിൽ തന്നെ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്ത് ഇട്ടുകളഞ്ഞു.
എന്നാൽ ഞാൻ നിന്റെ സമീപത്തുകൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ട് നിന്നോട്: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നുവെങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്ക് ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
ഞാൻ നിന്റെ അരികെകൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ട് എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു; നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞ് എണ്ണ പൂശി.
ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരുപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ട് പുതപ്പിച്ചു.
ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
ഞാൻ നിന്റെ മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളൊരു കിരീടവും വച്ചു.
ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടു വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നിനക്ക് രാജത്വവും സിദ്ധിച്ചു.
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്റെ സൗന്ദര്യം പരിപൂർണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അത് അവനുള്ളതായിരുന്നു.
നിന്റെ വസ്ത്രങ്ങളിൽ ചിലത് നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീർത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈ വക സംഭവിച്ചിട്ടില്ല; സംഭവിക്കയും ഇല്ല.
ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്ത്, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്ത്, അവയെ പുതപ്പിച്ചു; എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വച്ചു.
ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിനുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൗരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്ത് അവയ്ക്ക് ഭോജനബലിയായി അർപ്പിച്ചു.
നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചു കൊടുത്തത്?
എന്നാൽ നിന്റെ സകല മ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പേ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
നിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ-നിനക്കു കഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്-
നീ ഒരു കമാനം പണിതു, സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
എല്ലാ വഴിത്തലയ്ക്കലും പൂജാഗിരി പണിതു, നീ നിന്റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവനും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വർധിപ്പിച്ചു.
മാംസപുഷ്‍ടിയുള്ള മിസ്രയീമ്യരായ നിന്റെ അയൽക്കാരോടും നീ പരസംഗം ചെയ്ത്, എന്നെ കോപിപ്പിക്കേണ്ടതിനു നിന്റെ പരസംഗം വർധിപ്പിച്ചു.
അതുകൊണ്ട് ഞാൻ നിന്റെ നേരേ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമാർഗത്തെക്കുറിച്ച് ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏല്പിച്ചു.
മതിവരാത്തവളാകയാൽ നീ അശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
നാണംകെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാ വഴിത്തലക്കലും കമാനം പണിതു, സകല വീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
നിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; നീ കൂലി നിരസിക്കുന്നതുകൊണ്ട് വേശ്യയെപ്പോലെയല്ല.
ഭർത്താവിനു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകല ജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിനു നാലുപുറത്തു നിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ട്; നിന്റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നത്; അതിലാകുന്നു വൈപരീത്യം ഉള്ളത്.
ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകല മ്ലേച്ഛവിഗ്രഹങ്ങളും നിമിത്തവും നീ അവയ്ക്കു കൊടുത്ത നിന്റെ മക്കളുടെ രക്തം നിമിത്തവും
നീ രമിച്ച നിന്റെ സകല ജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നതയൊക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെമേൽ ചൊരിയും.
ഞാൻ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ച്, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്റെ വസ്ത്രം അഴിച്ച് ആഭരണങ്ങളെ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും.
അവർ നിന്റെ വീടുകളെ തീ വച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കയില്ല.
ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ട് എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാലൊക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്റെ നടപ്പിനു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിന്റെ സകല മ്ലേച്ഛതകൾക്കും പുറമേ നീ ഈ ദുഷ്കർമവും ചെയ്തിട്ടില്ലയോ?
പഴഞ്ചൊല്ല് പറയുന്നവനൊക്കെയും: യഥാമാതാ തഥാപുത്രീ എന്നുള്ള പഴഞ്ചൊല്ല് നിന്നെക്കുറിച്ചു പറയും;
നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്ക് നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോര്യനും അത്രേ.
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നു വച്ച് നീ നിന്റെ എല്ലാ വഴികളിലും അവരെക്കാൾ അധികം വഷളത്തം പ്രവർത്തിച്ചു.
എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവവും തീൻപുളപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ട് എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
ശമര്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകല മ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവർത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ച് നിന്റെ ലജ്ജ വഹിച്ചുകൊൾക.
നീ അവർക്ക് ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ച് ലജ്ജിക്കേണ്ടതിനും
ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും.
അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്ത് എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ
നിന്റെ ഗർവത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
നിന്റെ ദുഷ്കർമവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെയോർത്ത് നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്
ഞാൻ നിന്നോട് എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.