യെഹെസ്കേൽ - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

യെഹെസ്കേൽ 18:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 18:2

അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നത് എന്ത്?

യെഹെസ്കേൽ 18:3

എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 18:4

സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.

യെഹെസ്കേൽ 18:5

എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു

യെഹെസ്കേൽ 18:6

എങ്കിൽ- പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കയോ ചെയ്യാതെ

യെഹെസ്കേൽ 18:7

കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും

യെഹെസ്കേൽ 18:8

പലിശയ്ക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും മനുഷ്യർക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും

യെഹെസ്കേൽ 18:9

എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ-അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 18:10

എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,

യെഹെസ്കേൽ 18:11

ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,

യെഹെസ്കേൽ 18:12

എളിയവനോടും ദരിദ്രനോടും അന്യായംചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,

യെഹെസ്കേൽ 18:13

മ്ലേച്ഛത പ്രവർത്തിക്ക, പലിശയ്ക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെമേൽ വരും.

യെഹെസ്കേൽ 18:14

എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്റെ അപ്പൻ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ച് അങ്ങനെയുള്ളതിനെ ചെയ്യാതെ

യെഹെസ്കേൽ 18:15

പർവതങ്ങളിൽവച്ചു ഭക്ഷണം കഴിക്ക, യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,

യെഹെസ്കേൽ 18:16

ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന് അപ്പം കൊടുക്കയും

യെഹെസ്കേൽ 18:17

നഗ്നനെ ഉടുപ്പിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.

യെഹെസ്കേൽ 18:18

അവന്റെ അപ്പനോ ക്രൂരപീഡനം ചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവർത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും.

യെഹെസ്കേൽ 18:19

എന്നാൽ മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.

യെഹെസ്കേൽ 18:20

പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടാ; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.

യെഹെസ്കേൽ 18:21

എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.

യെഹെസ്കേൽ 18:22

അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.

യെഹെസ്കേൽ 18:23

ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്റെ താൽപര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 18:24

എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകല മ്ലേച്ഛതകളെയും പോലെ ചെയ്യുന്നുവെങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.

യെഹെസ്കേൽ 18:25

എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

യെഹെസ്കേൽ 18:26

നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.

യെഹെസ്കേൽ 18:27

ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.

യെഹെസ്കേൽ 18:28

അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ട് അവൻ മരിക്കാതെ ജീവിച്ചിരിക്കും.

യെഹെസ്കേൽ 18:29

എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

യെഹെസ്കേൽ 18:30

അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.

യെഹെസ്കേൽ 18:31

നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്ന് എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയൊരു ഹൃദയത്തെയും പുതിയൊരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?

യെഹെസ്കേൽ 18:32

മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞു ജീവിച്ചുകൊൾവിൻ.