യെഹെസ്കേൽ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

യെഹെസ്കേൽ 7:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 7:2

മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.

യെഹെസ്കേൽ 7:3

ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകല മ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

യെഹെസ്കേൽ 7:4

എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 7:5

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർഥം ഒരു അനർഥം ഇതാ, വരുന്നു!

യെഹെസ്കേൽ 7:6

അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരേ ഉണർന്നു വരുന്നു! ഇതാ, അതു വരുന്നു.

യെഹെസ്കേൽ 7:7

ദേശനിവാസിയേ, ആപത്ത് നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.

യെഹെസ്കേൽ 7:8

ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്റെ സകല മ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

യെഹെസ്കേൽ 7:9

എന്റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടു വരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 7:10

ഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.

യെഹെസ്കേൽ 7:11

സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.

യെഹെസ്കേൽ 7:12

കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ.

യെഹെസ്കേൽ 7:13

അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

യെഹെസ്കേൽ 7:14

അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിനു പോകുന്നില്ല.

യെഹെസ്കേൽ 7:15

പുറത്തു വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.

യെഹെസ്കേൽ 7:16

എന്നാൽ അവരിൽവച്ച് ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.

യെഹെസ്കേൽ 7:17

എല്ലാ കൈകളും തളരും; എല്ലാ മുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.

യെഹെസ്കേൽ 7:18

അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകല മുഖങ്ങളിലും ലജ്ജയും എല്ലാ തലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

യെഹെസ്കേൽ 7:19

അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറ് നിറകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.

യെഹെസ്കേൽ 7:20

അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി പ്രയോഗിച്ചു; അതുകൊണ്ട് അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്കു മലമാക്കിയിരിക്കുന്നു.

യെഹെസ്കേൽ 7:21

ഞാൻ അത് അന്യന്മാരുടെ കൈയിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും.

യെഹെസ്കേൽ 7:22

ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും.

യെഹെസ്കേൽ 7:23

ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.

യെഹെസ്കേൽ 7:24

ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

യെഹെസ്കേൽ 7:25

നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.

യെഹെസ്കേൽ 7:26

അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും പൊയ്പോകും.

യെഹെസ്കേൽ 7:27

രാജാവ് ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.