ഇയ്യോബ് - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

ഇയ്യോബ് 6:1

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 6:2

അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ!

ഇയ്യോബ് 6:3

അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നത്. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.

ഇയ്യോബ് 6:4

സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരേ അണിനിരന്നിരിക്കുന്നു.

ഇയ്യോബ് 6:5

പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?

ഇയ്യോബ് 6:6

രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?

ഇയ്യോബ് 6:7

തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.

ഇയ്യോബ് 6:8

അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

ഇയ്യോബ് 6:9

എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!

ഇയ്യോബ് 6:10

അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;

ഇയ്യോബ് 6:11

ഞാൻ കാത്തിരിക്കേണ്ടതിന് എന്റെ ശക്തി എന്തുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?

ഇയ്യോബ് 6:12

എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?

ഇയ്യോബ് 6:13

ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

ഇയ്യോബ് 6:14

ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ ഭയം ത്യജിക്കും.

ഇയ്യോബ് 6:15

എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ.

ഇയ്യോബ് 6:16

നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു.

ഇയ്യോബ് 6:17

ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.

ഇയ്യോബ് 6:18

സാർഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.

ഇയ്യോബ് 6:19

തേമയുടെ സാർഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.

ഇയ്യോബ് 6:20

പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു.

ഇയ്യോബ് 6:21

നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു.

ഇയ്യോബ് 6:22

എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;

ഇയ്യോബ് 6:23

വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?

ഇയ്യോബ് 6:24

എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.

ഇയ്യോബ് 6:25

നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം?

ഇയ്യോബ് 6:26

വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിനു തുല്യമത്രേ.

ഇയ്യോബ് 6:27

അനാഥനു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

ഇയ്യോബ് 6:28

ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുത്.

ഇയ്യോബ് 6:29

ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതുതന്നെ.

ഇയ്യോബ് 6:30

എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർഥം തിരിച്ചറികയില്ലയോ?