ഇയ്യോബ് - 40 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

ഇയ്യോബ് 40:1

യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ:

ഇയ്യോബ് 40:2

ആക്ഷേപകൻ സർവശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.

ഇയ്യോബ് 40:3

അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

ഇയ്യോബ് 40:4

ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു.

ഇയ്യോബ് 40:5

ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.

ഇയ്യോബ് 40:6

അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 40:7

നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക.

ഇയ്യോബ് 40:8

നീ എന്റെ ന്യായത്തെ ദുർബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?

ഇയ്യോബ് 40:9

ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?

ഇയ്യോബ് 40:10

നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.

ഇയ്യോബ് 40:11

നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവിയെയും നോക്കി താഴ്ത്തുക;

ഇയ്യോബ് 40:12

ഏത് ഗർവിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക.

ഇയ്യോബ് 40:13

അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

ഇയ്യോബ് 40:14

അപ്പോൾ നിന്റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.

ഇയ്യോബ് 40:15

ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.

ഇയ്യോബ് 40:16

അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.

ഇയ്യോബ് 40:17

ദേവദാരുതുല്യമായ തന്റെ വാൽ അത് ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.

ഇയ്യോബ് 40:18

അതിന്റെ അസ്ഥികൾ ചെമ്പുകുഴൽ പോലെയും എല്ലുകൾ ഇരുമ്പഴിപോലെയും ഇരിക്കുന്നു.

ഇയ്യോബ് 40:19

അതു ദൈവത്തിന്റെ സൃഷ്‍ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു.

ഇയ്യോബ് 40:20

കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവതങ്ങൾ അതിനു തീൻ വിളയിക്കുന്നു.

ഇയ്യോബ് 40:21

അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

ഇയ്യോബ് 40:22

നീർമരുതു നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു.

ഇയ്യോബ് 40:23

നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.

ഇയ്യോബ് 40:24

അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?