ഇയ്യോബ് - 33 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

ഇയ്യോബ് 33:1

എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകല വാക്കുകളും ശ്രദ്ധിച്ചുകൊൾക.

ഇയ്യോബ് 33:2

ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.

ഇയ്യോബ് 33:3

എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർഥമായി പ്രസ്താവിക്കും.

ഇയ്യോബ് 33:4

ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്‍ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.

ഇയ്യോബ് 33:5

നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.

ഇയ്യോബ് 33:6

ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.

ഇയ്യോബ് 33:7

എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

ഇയ്യോബ് 33:8

ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:

ഇയ്യോബ് 33:9

ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദോഷി; എന്നിൽ അകൃത്യവുമില്ല.

ഇയ്യോബ് 33:10

അവൻ എന്റെ നേരേ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.

ഇയ്യോബ് 33:11

അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെയൊക്കെയും സൂക്ഷിച്ചുനോക്കുന്നു.

ഇയ്യോബ് 33:12

ഇതിനു ഞാൻ നിന്നോട് ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.

ഇയ്യോബ് 33:13

നീ അവനോട് എന്തിനു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലോ.

ഇയ്യോബ് 33:14

ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.

ഇയ്യോബ് 33:15

ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ,

ഇയ്യോബ് 33:16

അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.

ഇയ്യോബ് 33:17

മനുഷ്യനെ അവന്റെ ദുഷ്കർമത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവത്തിൽനിന്നു രക്ഷിപ്പാനും തന്നെ.

ഇയ്യോബ് 33:18

അവൻ കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

ഇയ്യോബ് 33:19

തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്.

ഇയ്യോബ് 33:20

അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

ഇയ്യോബ് 33:21

അവന്റെ മാംസം ക്ഷയിച്ച് കാൺമാനില്ലാതെയായിരിക്കുന്നു; കാൺമാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.

ഇയ്യോബ് 33:22

അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

ഇയ്യോബ് 33:23

മനുഷ്യനോട് അവന്റെ ധർമം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതൻ അവനുവേണ്ടി ഉണ്ടെന്നുവരികിൽ

ഇയ്യോബ് 33:24

അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും.

ഇയ്യോബ് 33:25

അപ്പോൾ അവന്റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

ഇയ്യോബ് 33:26

അവൻ ദൈവത്തോടു പ്രാർഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന് അവന്റെ നീതിയെ പകരം കൊടുക്കും.

ഇയ്യോബ് 33:27

അവൻ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന് എന്നോടു പകരം ചെയ്തിട്ടില്ല.

ഇയ്യോബ് 33:28

അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.

ഇയ്യോബ് 33:29

ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

ഇയ്യോബ് 33:30

അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിനും ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.

ഇയ്യോബ് 33:31

ഇയ്യോബേ, ശ്രദ്ധവച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.

ഇയ്യോബ് 33:32

നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താൽപര്യം.

ഇയ്യോബ് 33:33

ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.