വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
നീരസം ഭോഷനെ കൊല്ലുന്നു; ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.
മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.
അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതിൽക്കൽവച്ചു തകർന്നുപോകുന്നു.
അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ കപ്പിക്കളയും.
അനർഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല; കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല;
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;
അവൻ, ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.
അവൻ ഭൂതലത്തിൽ മഴ പെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
അവൻ താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.
അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
പകൽസമയത്ത് അവർക്ക് ഇരുൾ നേരിടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്റെ കൈയിൽനിന്നും രക്ഷിക്കുന്നു.
അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.
ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവൻ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
ആറു കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
ക്ഷാമകാലത്ത് അവൻ നിന്നെ മരണത്തിൽ നിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽ നിന്നും വിടുവിക്കും.
നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂർണ വാർധക്യത്തിൽ കല്ലറയിൽ കടക്കും.
ഞങ്ങൾ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.