ഇയ്യോബ് - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

ഇയ്യോബ് 13:1

എന്റെ കണ്ണ് ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.

ഇയ്യോബ് 13:2

നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; ഞാൻ നിങ്ങളെക്കാൾ അധമനല്ല.

ഇയ്യോബ് 13:3

സർവശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇയ്യോബ് 13:4

നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നെ.

ഇയ്യോബ് 13:5

നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും.

ഇയ്യോബ് 13:6

എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.

ഇയ്യോബ് 13:7

നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവനുവേണ്ടി വ്യാജം പറയുന്നുവോ?

ഇയ്യോബ് 13:8

അവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?

ഇയ്യോബ് 13:9

അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ?

ഇയ്യോബ് 13:10

ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ അവൻ നിങ്ങളെ ശാസിക്കും നിശ്ചയം.

ഇയ്യോബ് 13:11

അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ?

ഇയ്യോബ് 13:12

നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നെ.

ഇയ്യോബ് 13:13

നിങ്ങൾ മിണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.

ഇയ്യോബ് 13:14

ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?

ഇയ്യോബ് 13:15

അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അവന്റെ മുമ്പാകെ തെളിയിക്കും.

ഇയ്യോബ് 13:16

വഷളൻ അവന്റെ സന്നിധിയിൽ വരുകയില്ല എന്നുള്ളതു തന്നെ എനിക്കൊരു രക്ഷയാകും.

ഇയ്യോബ് 13:17

എന്റെ വാക്ക് ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;

ഇയ്യോബ് 13:18

ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.

ഇയ്യോബ് 13:19

എന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മിണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.

ഇയ്യോബ് 13:20

രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ട് ഒളിക്കയില്ല.

ഇയ്യോബ് 13:21

നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

ഇയ്യോബ് 13:22

പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

ഇയ്യോബ് 13:23

എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.

ഇയ്യോബ് 13:24

തിരുമുഖം മറച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?

ഇയ്യോബ് 13:25

പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?

ഇയ്യോബ് 13:26

കയ്പായുള്ളതു നീ എനിക്ക് എഴുതിവച്ച് എന്റെ യൗവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.

ഇയ്യോബ് 13:27

എന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചു വയ്ക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.

ഇയ്യോബ് 13:28

ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.