ഇയ്യോബ് - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

ഇയ്യോബ് 11:1

അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 11:2

വാക്ബാഹുല്യത്തിന് ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ?

ഇയ്യോബ് 11:3

നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?

ഇയ്യോബ് 11:4

എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിനു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.

ഇയ്യോബ് 11:5

അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരേ അധരം തുറക്കയും

ഇയ്യോബ് 11:6

ജ്ഞാനമർമങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.

ഇയ്യോബ് 11:7

ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

ഇയ്യോബ് 11:8

അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായത്; നിനക്കെന്തറിയാം?

ഇയ്യോബ് 11:9

അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.

ഇയ്യോബ് 11:10

അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നത് ആർ?

ഇയ്യോബ് 11:11

അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്‍ടിവയ്ക്കാതെ തന്നെ അവൻ ദ്രോഹം കാണുന്നു.

ഇയ്യോബ് 11:12

പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;

ഇയ്യോബ് 11:13

നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ

ഇയ്യോബ് 11:14

നിന്റെ കൈയിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.

ഇയ്യോബ് 11:15

അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.

ഇയ്യോബ് 11:16

അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.

ഇയ്യോബ് 11:17

നിന്റെ ആയുസ്സ് മധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും.

ഇയ്യോബ് 11:18

പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;

ഇയ്യോബ് 11:19

നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.

ഇയ്യോബ് 11:20

എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.