അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ.
എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു.
മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.
അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും.
അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.
അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നെ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻകീഴെ മറച്ചു വച്ചാലും
അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും
അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ച് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവ് അവനെ കൊല്ലും.
തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല.
തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല.
അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.
അവന്റെ കൊതിക്കു പതം വരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.
അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
അവന്റെ സമൃദ്ധിയുടെ പൂർണതയിൽ അവനു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്റെമേൽ വരും.
അവൻ വയറു നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും.
അവൻ പറിച്ചിട്ട് അത് അവന്റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും. ഭൂമി അവനോട് എതിർത്തു നില്ക്കും.
അവന്റെ വീട്ടിലെ വരവു പൊയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.
ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.