അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
അത് അങ്ങനെതന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?
അവന് അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാൻ കഴികയില്ല.
അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവൻ ആർ?
അവൻ പർവതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
അവൻ സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
അവൻ തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.
അവൻ സപ്തർഷി, മകയിരം, കാർത്തിക ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു.
അവൻ എന്റെ അരികെകൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.
അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്ന് ആർ ചോദിക്കും?
ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവനു വഴങ്ങുന്നു.
പിന്നെ ഞാൻ അവനോട് ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
ഞാൻ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
ഞാൻ വിളിച്ചിട്ട് അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
കൊടുങ്കാറ്റുകൊണ്ട് അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്റെ വയറു നിറയ്ക്കുന്നു.
ബലം വിചാരിച്ചാൽ: അവൻ തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്ക് അവധി നിശ്ചയിക്കും?
ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദോഷികളുടെ നിരാശ കണ്ട് അവൻ ചിരിക്കുന്നു.
ഭൂമി ദുഷ്ടന്മാരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അത് അവനല്ലെങ്കിൽ പിന്നെ ആർ?
എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
അത് ഓടകൊണ്ടുള്ള വള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.
ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
ഞാൻ എന്റെ വ്യസനമൊക്കെയും ഓർത്തു ഭയപ്പെടുന്നു നീ എന്നെ നിർദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
എന്നെ കുറ്റം വിധിക്കുകയേയുള്ളൂ; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും
നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിനു ചെല്ലേണ്ടതിനും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മധ്യസ്ഥനുമില്ല.
അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.