അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
എന്റെ വാക്ക് ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.
നില്പിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?
എന്നെ നോക്കി ഭ്രമിച്ചു പോകുവിൻ; കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ.
ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിനു വിറയൽ പിടിക്കുന്നു.
ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർധക്യം പ്രാപിക്കയും അവർക്കു ബലം വർധിക്കയും ചെയ്യുന്നത് എന്ത്?
അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ചു നില്ക്കുന്നു.
അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.
അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.
അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്ക് ഇറങ്ങുന്നു.
അവർ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
ഞങ്ങൾ സർവശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.
എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
അവർ കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ.
അവന്റെ സ്വന്ത കണ്ണ് അവന്റെ നാശം കാണട്ടെ; അവൻ തന്നെ സർവശക്തന്റെ ക്രോധം കുടിക്കട്ടെ.
അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോട് അവനെന്തു താൽപര്യം?
ആരെങ്കിലും ദൈവത്തിനു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണക്ഷേമത്തിൽ മരിക്കുന്നു.
അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.
അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരേ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നത്?
വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
അനർഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.
അവന്റെ നടപ്പിനെക്കുറിച്ച് ആർ അവന്റെ മുഖത്തു നോക്കിപറയും? അവൻ ചെയ്തതിനു തക്കവണ്ണം ആർ അവനു പകരം വീട്ടും?
എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറയ്ക്കൽ കാവൽ നില്ക്കുന്നു.
താഴ്വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവർക്ക് എണ്ണമില്ല.
നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.