അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി.
അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരേ അവന്റെ കോപം ജ്വലിച്ചു.
അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ട് അവരുടെ നേരേയും അവന്റെ കോപം ജ്വലിച്ചു.
എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു.
ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്റെ കോപം ജ്വലിച്ചു.
അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.
പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.
എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.
പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.
അതുകൊണ്ട് ഞാൻ പറയുന്നത്: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
നിങ്ങൾ പറഞ്ഞതിനു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിനു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുത്.
എന്റെ നേരേയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോട് ഉത്തരം പറകയുമില്ല.
അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്ക് വാക്കു മുട്ടിപ്പോയി.
അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു.
എന്റെ ഉള്ളം അടച്ചുവച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികൾപോലെ പൊട്ടുമാറായിരിക്കുന്നു.
എന്റെ വിമ്മിട്ടം തീരേണ്ടതിനു ഞാൻ സംസാരിക്കും; എന്റെ അധരം തുറന്ന് ഉത്തരം പറയും.
ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.
മുഖസ്തുതി പറവാൻ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് ക്ഷണത്തിൽ എന്നെ നീക്കിക്കളയും.