എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്ക് പറവാനുണ്ട്.
ഞാൻ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും.
എന്റെ വാക്ക് ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നെ.
അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
അവൻ അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
അവൻ അവരുടെ ചെവി പ്രബോധനത്തിനു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
അവർ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി വിളിക്കുന്നില്ല.
അവർ യൗവനത്തിൽതന്നെ മരിച്ചുപോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതുപോലെ നശിക്കുന്നു.
അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽതന്നെ അവരുടെ ചെവി തുറക്കുന്നു.
നിന്നെയും അവൻ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുത്.
കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളൊക്കെയും മതിയാകുമോ?
ജാതികൾ തങ്ങളുടെ സ്ഥലത്തുവച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുത്.
സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുത്; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നത്.
ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവനു തുല്യനായ ഉപദേശകൻ ആരുള്ളൂ?
അവനോട് അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്ന് അവനോട് ആർക്കു പറയാം?
അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നത്.
മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്.
അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
അവൻ മിന്നൽകൊണ്ടു തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരേ അതിനെ നിയോഗിക്കുന്നു.
അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നള്ളുന്നവനെയുംകുറിച്ച് അറിവു തരുന്നു.