ഇയ്യോബ് - 39 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

ഇയ്യോബ് 39:1

പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?

ഇയ്യോബ് 39:2

അവയ്ക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?

ഇയ്യോബ് 39:3

അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞു പോകുന്നു.

ഇയ്യോബ് 39:4

അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

ഇയ്യോബ് 39:5

കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?

ഇയ്യോബ് 39:6

ഞാൻ മരുഭൂമിയെ അതിനു വീടും ഉവർന്നിലത്തെ അതിനു പാർപ്പിടവുമാക്കി.

ഇയ്യോബ് 39:7

അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

ഇയ്യോബ് 39:8

മലനിരകൾ അതിന്റെ മേച്ചൽപ്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

ഇയ്യോബ് 39:9

കാട്ടുപോത്ത് നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്ത്തൊട്ടിക്കരികെ രാപാർക്കുമോ?

ഇയ്യോബ് 39:10

കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴവിനു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

ഇയ്യോബ് 39:11

അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?

ഇയ്യോബ് 39:12

അതു നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

ഇയ്യോബ് 39:13

ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?

ഇയ്യോബ് 39:14

അതു നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു; അവയെ പൊടിയിൽ വച്ചു വിരിക്കുന്നു.

ഇയ്യോബ് 39:15

കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.

ഇയ്യോബ് 39:16

അത് തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.

ഇയ്യോബ് 39:17

ദൈവം അതിനു ജ്ഞാനമില്ലാതാക്കി വിവേകം അതിനു നല്കിയിട്ടുമില്ല.

ഇയ്യോബ് 39:18

അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

ഇയ്യോബ് 39:19

കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിനു നീയോ കുഞ്ചിരോമം അണിയിച്ചത്?

ഇയ്യോബ് 39:20

നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

ഇയ്യോബ് 39:21

അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർത്തു ചെല്ലുന്നു.

ഇയ്യോബ് 39:22

അതു കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.

ഇയ്യോബ് 39:23

അതിന് എതിരേ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

ഇയ്യോബ് 39:24

അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കയില്ല.

ഇയ്യോബ് 39:25

കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.

ഇയ്യോബ് 39:26

നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നത്?

ഇയ്യോബ് 39:27

നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവയ്ക്കയും ചെയ്യുന്നത്?

ഇയ്യോബ് 39:28

അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗത്തിലും തന്നെ.

ഇയ്യോബ് 39:29

അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണ് ദൂരത്തേക്കു കാണുന്നു.

ഇയ്യോബ് 39:30

അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു; പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.