സർവശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയിക്കുന്നു.
ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കുവേണ്ടി അവർക്ക് ആഹാരം.
അവർ വയലിൽ അന്യന്റെ പയറു പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.
അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
അന്യരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിനോ അതിൽ നീരസം തോന്നുന്നില്ല.
ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
വ്യഭിചാരിയുടെ കണ്ണ് അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറച്ചു നടന്ന് ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സുതന്നെ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്ക് അവർ തിരിയുന്നില്ല.
ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.
ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.
പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.
അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ട്.
അവർ ഉയർന്നിരിക്കുന്നു; കുറെക്കഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയും പോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?