ഇയ്യോബ് - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

ഇയ്യോബ് 19:1

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 19:2

നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?

ഇയ്യോബ് 19:3

ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല.

ഇയ്യോബ് 19:4

ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്റെ തെറ്റ് എനിക്കുതന്നെ അറിയാം.

ഇയ്യോബ് 19:5

നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ

ഇയ്യോബ് 19:6

ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.

ഇയ്യോബ് 19:7

അയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷയ്ക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

ഇയ്യോബ് 19:8

എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.

ഇയ്യോബ് 19:9

എന്റെ തേജസ്സ് അവൻ എന്റെമേൽനിന്ന് ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

ഇയ്യോബ് 19:10

അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.

ഇയ്യോബ് 19:11

അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ച് എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.

ഇയ്യോബ് 19:12

അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരേ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.

ഇയ്യോബ് 19:13

അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.

ഇയ്യോബ് 19:14

എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റസ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.

ഇയ്യോബ് 19:15

എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്ക് പരദേശിയായിത്തോന്നുന്നു.

ഇയ്യോബ് 19:16

ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ട് ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.

ഇയ്യോബ് 19:17

എന്റെ ശ്വാസം എന്റെ ഭാര്യക്ക് അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്ക് അറപ്പും ആയിരിക്കുന്നു.

ഇയ്യോബ് 19:18

പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.

ഇയ്യോബ് 19:19

എന്റെ പ്രാണസ്നേഹിതന്മാരൊക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.

ഇയ്യോബ് 19:20

എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.

ഇയ്യോബ് 19:21

സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

ഇയ്യോബ് 19:22

ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്റെ മാംസം തിന്നു തൃപ്തിവരാത്തത് എന്ത്?

ഇയ്യോബ് 19:23

അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളായിരുന്നു.

ഇയ്യോബ് 19:24

അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തി വച്ചെങ്കിൽ കൊള്ളായിരുന്നു.

ഇയ്യോബ് 19:25

എന്നെ വീണ്ടടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.

ഇയ്യോബ് 19:26

എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.

ഇയ്യോബ് 19:27

ഞാൻതന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

ഇയ്യോബ് 19:28

നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ

ഇയ്യോബ് 19:29

വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞു കൊൾവിൻ.